വർക്ക്‌ഔട്ട് ചെയ്തു ശരീരം നന്നാക്കാൻ ശ്രമിക്കുന്ന എല്ലാവരിലും ഉണ്ടാകുന്ന സംശയമാണ് പ്രീവർക്ക്‌ഔട്ട് ഭക്ഷണത്തെ കുറിച്ച്. ഊർജ്ജം നല്‍കുന്ന പഴങ്ങളോ ഭക്ഷണങ്ങളോ ആണ് ഈ സമയം കഴിക്കേണ്ടത്. പൊതുവെ എല്ലാവരും നേന്ത്രപ്പഴമാണ് തിരഞ്ഞെടുക്കാറ്. എന്നാല്‍ ചിലർ റോബസ്റ്റ പഴവും കഴിക്കാറുണ്ട്. രണ്ടിനും വ്യത്യസ്ത ആരോഗ്യഗുണങ്ങളാണ് ഉള്ളത്. എന്നാല്‍ തടികുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ ഇവ കഴിക്കുന്നതില്‍ അല്‍പം ശ്രദ്ധവേണം.
വ്യായാമം ചെയ്യാനുള്ള ഊർജ്ജം നിലനിർത്തുകയും പേശികളെ തളർച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പ്രീവർക്ക്‌ഔട്ട് ഭക്ഷണങ്ങളുടെ പ്രധാന ഉദ്ദേശം. റോബസ്റ്റ പഴത്തില്‍ താരതമ്യേന കാലറിയും കാർബോഹൈഡ്രേറ്റും കുറവായതിനാല്‍, ഇത് പെട്ടെന്ന് ദഹിക്കുകയും പെട്ടെന്ന് തന്നെ ഊർജ്ജം നല്‍കുകയും ചെയ്യുന്നു.
റോബസ്റ്റയിലെ കാർബ് എന്നത്, കൂടുതലും ലളിതമായ പഞ്ചസാര ആയതുകൊണ്ട്, വർക്ക്‌ഔട്ട് ചെയ്യുന്നതിന് 15 മുതല്‍ 30 മിനിറ്റ് മുൻപ് കഴിക്കുന്നത് നല്ലതാണണ്. എന്നാല്‍, നേന്ത്രപ്പഴത്തില്‍ കാലറി കൂടുതലാണ്. അതേസമയം, ഇതില്‍ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ്സ് ആണ് കൂടുതലായി അടങ്ങിയിരിക്കുന്നത്.
അതുകൊണ്ടു തന്നെ ഇത് ദഹിക്കാൻ കൂടുതല്‍ സമയമെടുക്കും. ദൈർഘ്യമേറിയതും കഠിനവുമായ വർക്ക്‌ഔട്ട് സെഷനുകള്‍ക്ക് പോകുന്നതിന് മുന്‍പ് നേന്ത്രപ്പഴം ഒരു നല്ല ഓപ്ഷനാണ്. വ്യായാമം തുടങ്ങുന്നതിന് 45 മുതല്‍ 60 മിനിറ്റ് മുൻപ് നേന്ത്രപ്പഴം കഴിച്ചാല്‍, വ്യായാമസമയത്തുടനീളം പേശികള്‍ക്ക് സ്ഥിരമായ ഊർജ്ജം ലഭിക്കാൻ ഇത് സഹായിക്കും.

Post a Comment